തിരുവനന്തപുരം : സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലം. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികൾ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഏകദേശം ഒരുമാസത്തോളമായി വെളുത്തുള്ളിവില ഉയരാൻ തുടങ്ങിയിട്ട്. കിലോയ്ക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് കൂടിക്കൂടി ഇപ്പോൾ 260 രൂപയിൽ എത്തി നിൽക്കുന്നത്. പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് സാധാരണക്കാർ.