ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാൾ ഉത്സവകാലം ഓർമയില്ലേ? സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനുകളും ഫാൻസോണുകളും വിമാനത്താവളവും കോർണിഷും ഉൾപ്പെടെ കാണുന്നിടങ്ങളിലെല്ലാം ലോകകപ്പ് ബ്രാൻഡിങ്ങായി ഉയർന്ന ബോർഡുകൾ. ലോഗോയും കളിക്കാരുടെ ചിത്രങ്ങളും ടീമുകളുടെ കൂറ്റൻ ഫോട്ടോകളുമായി നിറഞ്ഞ ബ്രാൻഡിങ്ങുകൾക്കും സ്റ്റേഡിയം ചുമരുകളും ബാരിക്കേഡുകളും ഉൾപ്പെടെ ഉപയോഗിച്ച പോളിസ്റ്റർ ഫാബ്രിക്കുകളെല്ലാം ഇനി പ്ലാസ്റ്റിക് ഉൽപന്നങ്ങളായി ഉപയോക്താക്കളിലേക്ക് തിരികെയെത്തും.
ലോകകപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സുസ്ഥിരത, പരിസ്ഥിതിരി സൗഹൃദം പദ്ധതികളുടെ ഭാഗമായാണ് ശേഖരിച്ച 173 ടൺ പോളിസ്റ്റർ ഫാബ്രിക് മാലിന്യങ്ങൾ പുതിയ ഉൽപന്നങ്ങളായി വിപണിയിലെത്തുന്നത്. സംസ്കരിച്ച ഇവ പ്ലാസ്റ്റിക് പെല്ലറ്റുകളാക്കി മാറ്റി പിന്നീട് ടേപ്, ഫാബ്രിക്, പാക്കിങ് വസ്തുക്കളാക്കിയാണ് ആവശ്യക്കാരിലേക്ക് തിരികെയെത്തുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നേതൃത്വത്തിലാണ് സ്റ്റേഡിയങ്ങൾ മുതൽ ഫാൻ സോണും മീഡിയ സെൻററും ഉൾപ്പെടെ എല്ലായിടങ്ങളിലെയും ബ്രാൻഡിങ് വസ്തുക്കൾ ശേഖരിച്ച് സംസ്കരിക്കാൻ അയച്ചത്. സൗദി അറേബ്യയിലെ സൗദി ടോപ് പ്ലാസ്റ്റിക്സ് (എസ്.ടി.പി) കമ്പനിയുമായി സഹകരിച്ചായിരുന്നു സുപ്രീം കമ്മിറ്റി ഇവ സംസ്കരിച്ച് പുതിയ ഉൽപന്നങ്ങളാക്കിയത്.
ലോകകപ്പ് ഉൾപ്പെടെ അന്താരാഷ്ട്ര മേളകളുടെ സംഘാടകർക്കുതന്നെ പുതിയ മാതൃക തീർക്കുന്നതാണ് ഖത്തറിന്റെ നടപടി. ‘‘മുൻകാലങ്ങളിൽ ടൂർണമെൻറ് കഴിയുമ്പോൾ വർധിച്ച തോതിലുള്ള പോളിസ്റ്റർ ഫാബ്രിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ വലിയ ബുദ്ധിമുട്ടായിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇവ സംസ്കരിക്കൽ എല്ലാ സംഘാടകർക്കും വെല്ലുവിളിയായി. ഈ പ്രശ്നത്തിനാണ് എസ്.ടി.പിയുമായി സഹകരിച്ച് പരിഹാരം കണ്ടെത്തിയത്’’ -സുപ്രീം കമ്മിറ്റി സസ്റ്റയ്നബിലിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ബദൂർ അൽ മീർ പറഞ്ഞു.
റിയാദ് ആസ്ഥാനമായ സ്ഥാപനമാണ് എസ്.ടി.പി. കഴിഞ്ഞ വർഷം ഡിസംബർ 18ന് ലോകകപ്പ് ഫൈനൽ സമാപിച്ചതിനുപിന്നാലെ തന്നെ ബ്രാൻഡിങ്ങിനായി സ്ഥാപിച്ച പോളിസ്റ്റർ ഫാബ്രിക്കുകളുടെ നീക്കംചെയ്യൽ ആരംഭിച്ചിരുന്നു. വിവിധ ഏജൻസികളുമായി എകോപിച്ചായിരുന്നു എല്ലായിടങ്ങളിലെയും ബാനർ, ഹോർഡിങ്, ബാരിക്കേഡ് തുടങ്ങിയവ നീക്കംചെയ്യാൻ തുടങ്ങിയത്. കസ്റ്റംസ്, ലോജിസ്റ്റിക്സ് വിഭാഗങ്ങൾ എന്നിവയുമായി ചേർന്ന് ഇവ സമയബന്ധിതമായിതന്നെ റിയാദിലെത്തിച്ച് സംസ്കരണ നടപടികളും ആരംഭിച്ചു.
ലോകകപ്പ് ഫുട്ബാൾപോലെയുള്ള മെഗാ ഇവൻറുകളുമായി ചേർന്ന് സുസ്ഥിര പദ്ധതികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എസ്.ടി.പി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വൈൽ അൽ ജെയ്ദി പറഞ്ഞു. ടൂർണമെൻറിന്റെ മാലിന്യങ്ങളിൽ 80 ശതമാനവും സംസ്കരിച്ചുകഴിഞ്ഞിട്ടുണ്ട്. 2021 ഫിഫ അറബ് കപ്പിലും പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.