ലഖ്നോ: 2004ലെ യു.പി മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും അലഹബാദ് ഹൈകോടതി. ലഖ്നോ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർഥി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് സുപ്രധാന വിധി.
മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം നിയമാതീതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിൽ മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ തുടരാൻ കഴിയുന്ന തരത്തിൽ ഒരു പദ്ധതി തയാറാക്കാൻ യു.പി സർക്കാറിനോട് നിർദേശിച്ചു.
സംസ്ഥാനത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ യോഗി സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വിധി വന്നിരിക്കുന്നത്. മദ്രസകൾക്ക് വിദേശത്തുനിന്ന് ഫണ്ട് വരുന്നുണ്ടെന്നാരോപിച്ച യു.പി സർക്കാർ ഇത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
യു.പി മദ്രസ ബോർഡിന്‍റെ നടപടികളെയും, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ മദ്രസ മാനേജ്മെന്‍റിനെയും എതിർത്തുകൊണ്ട് അൻഷുമാൻ സിംഗ് റാത്തോഡ് എന്നയാൾ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.