അലഹാബാദ്: ജൂണ്‍ 16ന് റിലീസ് ചെയ്ത ആദിപുരുഷ് പ്രേക്ഷകരെക്കാളും വാര്‍ത്തകളെക്കാളും ട്രോളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇപ്പോഴിതാ ആദിപുരുഷിലെ സംഭാഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതി. രാജ്യത്തെ ആളുകളെല്ലാം ബുദ്ധിയില്ലാത്തവര്‍ എന്നാണോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരുതുന്നതെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആദിപുരുഷ് മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ എന്ത് ഇടപെടലാണ് നടത്തിയതെന്ന് മനസിലാവുന്നില്ലെന്നും കോടതി ചോദിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുന്താഷിര്‍ ശുക്ലയ്ക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. സിനിമ കണ്ട് ആളുകള്‍ നിയമം കൈയിലെടുത്തില്ല എന്നത് നല്ല കാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹനുമാനെയും സീതയെയുമെല്ലാം അതുപോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗങ്ങളെല്ലാം ആദ്യം തന്നെ വെട്ടിക്കളയേണ്ടതായിരുന്നു. ചില രംഗങ്ങള്‍ എ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടവയാണ്. ഇത്തരം സിനിമകള്‍ കാണുക പ്രയാസകരമാണെന്ന് കോടതി പറഞ്ഞു.