തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ആയി മണി വിശ്വനാഥ് ചുമതലയേറ്റു. എസ് ഭാസുരാംഗന് പകരമാണ് ചുമതല. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കിയിരുന്നു. നിലവില്‍ പത്തിയൂര്‍ക്കാല ക്ഷീര സഹകരണ സംഘം പ്രസിഡന്‍റ് ആണ് മണി വിശ്വനാഥ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവിയും വഹിക്കുന്നുണ്ട്. കൃഷി, പഞ്ചായത്ത് വകുപ്പുകളില്‍ 18 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം, ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന വനിത പ്രസിഡന്‍റ്, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍ നിന്ന് നീക്കിയതായി മന്ത്രി ജെ ചിഞ്ചു റാണി അറിയിക്കുകയായിരുന്നു. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇഡി റെയ്ഡ് നടത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.