ദില്ലി : അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് പ്രകോപനപരമായ പ്രസംഗം നടത്തുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്തതിന് ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബാബ ഹരിദാസ് നഗറിലെ എംസിഡി ഓഫീസിന്റെ ഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഒത്തുകൂടിയ പ്രക്ഷോഭകരോടാണ് വെള്ളിയാഴ്ച രാവിലെ സുരേന്ദർ ശർമ്മ എന്നയാള്‍ പ്രകോപന പ്രസംഗം നടത്തിയെന്നാണ് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പുതിയതായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ പ്രക്ഷോഭം നടത്തിയത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ റോഡിന്റെ ഒരു വശത്തേക്ക് പോലീസ് മാറ്റിയിരുന്നു. പിന്നീട് സമാധാനപരമായി പിരിഞ്ഞുപോകാൻ അവരോട് ആവശ്യപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാല്‍ ഇവിടെ എത്തിയ ദൗലത്പൂരിനടുത്തുള്ള അസലാത്പൂർ ഖവാദ് ഗ്രാമവാസിയായ ശർമ്മ പ്രതിഷേധത്തിൽ ചേരുകയും തന്റെ പ്രകോപനപരമായ പ്രസംഗത്തിലൂടെ പ്രക്ഷോഭകരെ ആക്രമണത്തിന് “പ്രേരിപ്പിക്കാൻ” തുടങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. അവിടെയുണ്ടായിരുന്ന പോലീസുകാരുമായി ഇയാൾ വാക്കേറ്റത്തിലേർപ്പെട്ടുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ദ്വാരക) എം ഹർഷ വർദ്ധൻ പറഞ്ഞു.
സംഭവസ്ഥലത്ത് 18 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും അവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു. പൊതു ചടങ്ങുകൾ നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ ഐപിസി സെക്ഷൻ 186, പൊതു ഉദ്യോഗസ്ഥനെ തന്റെ ചുമതലയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം സെക്ഷന്‍ 353, പൊതു ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്വമേധയാ മുറിവേൽപ്പിക്കുക സെക്ഷന്‍ 332 എന്നിവ പ്രകാരം വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയതായി ദില്ലി പോലീസ് പറയുന്നു.