ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. ഇതു സംബന്ധിച്ച കരട് വിജ്ഞാപനമനുസരിച്ച് കഫതടസ്സം മാറുന്നതിനുള്ള മരുന്ന്, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്, ചില മൗത്ത് വാഷുകൾ, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകൾ, ക്രീം രൂപത്തിലുള്ള വേദനസംഹാരികൾ എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.
ഇതിനായി, 1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്ന മരുന്ന് അഞ്ച് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാന്‍ പാടില്ലെന്ന ചില വ്യവസ്ഥകളോടെയാണു മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. രോഗം മാറിയില്ലെങ്കിൽ ഡോക്ടറെ സമീപിക്കണമെന്നും നിർദേശത്തിൽ പറയുന്നു.




















