ലോകജനസംഖ്യയുടെ പകുതിയോളം പേരും വദന രോഗങ്ങളാൽ വലയുന്നുവെന്ന് ലോകാരോഗ്യസംഘടന. ദന്തക്ഷയം, മോണരോഗം, പല്ലുകൊഴിയൽ, വായിലെ അർബുദം തുടങ്ങിയവയാണ് ഇത്തരത്തില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളെന്നും ലോകാരോഗ്യസംഘടന പറയുന്നു.
ആഗോള ആരോഗ്യ മേഖലയിൽ തന്നെ ഏറെ കാലമായി അവഗണിക്കപ്പെട്ട വിഭാഗമാണ് വദന ആരോഗ്യമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു. പല വദന രോഗങ്ങളും നേരത്തെ പ്രതിരോധിക്കാവുന്നതാണ് എന്നും അദ്ദേഹം പറയുന്നു. രാജ്യങ്ങൾ അവരുടെ ആരോഗ്യ പദ്ധതികളിൽ വദന ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകജനസംഖ്യയുടെ പകുതിയോളം പേരിലും, അതായത് 45 ശതമാനം അഥവാ ഏകദേശം 3.5 ബില്യൺ ആളുകളില്‍ വദന രോഗങ്ങള്‍ ബാധിക്കുന്നു. ഓരോ വർഷവും 380,000 പുതിയ വദന അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഗൗരവത്തോടെ കാണേണ്ട സ്ഥിതിവിശേഷമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നൂതന ദന്തചികിത്സയുടെ അപര്യാപതതയാണ് വദന രോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്.