കൊച്ചി: ഭൂമി കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ അഡ്വ ബി.എ ആളൂർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസിലാണ് ജാമ്യം തേടിയത്. ഹർജിയിൽ പോലീസിനോട് ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുരുതര കുറ്റം ചുമത്താത്തതിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ആളൂർ പല ഘട്ടങ്ങളിലായി 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും കൂടുതൽ തുക ചോദിച്ചത് കൊടുക്കാൻ കഴിയാതെ വന്നപ്പോൾ സഹകരിച്ചാൽ മതിയെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഡാചോനയുണ്ടെന്നുമാണ് ആളൂരിന്‍റെ വാദം.
ജനുവരി 31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആളൂരിനെതിരെ കേസെടുത്തിരുന്നു.