പുണെ: മാമ്പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന അല്‍ഫോണ്‍സോ മാങ്ങക്ക് വിപണിയിലെന്നും പൊന്നും വിലയാണ്. കഴിഞ്ഞ ദിവസം പുണെയില്‍ നടന്ന മാമ്പഴ ലേലത്തിലും അല്‍ഫോണ്‍സോ തന്നെയാണ് താരമായത്. 31,000 രൂപക്കാണ് ഒരു പെട്ടി അല്‍ഫോണ്‍സോ മാങ്ങ വിറ്റുപോയത്. പുണെയിലെ വ്യാപാരിയാണ് ഈ ഉയര്‍ന്ന ലേലം പിടിച്ചത്.
50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ലേലമാണിതെന്ന് ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു. 5000ത്തില്‍ തുടങ്ങിയ ലേലമാണ് 31,000 രൂപയില്‍ എത്തിയത്. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ്ങ് കമ്മിറ്റിയില്‍ (എ.പി.എം.സി) സീസണിലെ ആദ്യ മാമ്പഴങ്ങള്‍ എത്തിയത് കാരണം നിരവധി വ്യാപാരികളാണ് ലേലത്തില്‍ പങ്കെടുത്തത്.സീസണിലെ ആദ്യ മാമ്പഴങ്ങളാണ് താന്‍ വാങ്ങിയതെന്ന് ലേലം പിടിച്ച വ്യാപാരി പറഞ്ഞു. ഇവ ആദ്യം തന്നെ വിപണിയിലിറക്കുന്നത് മൊത്തക്കച്ചവടത്തില്‍ ഏറെ സഹായകരമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം അല്‍ഫോണ്‍സോ മാങ്ങ കൃഷി ചെയ്യപ്പെടുന്നത്.