മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ തുടരുന്ന വാവ സുരേഷ് ആരോഗ്യം വീണ്ടെടുക്കണമെന്ന പ്രാര്‍ഥനയിലാണ് കേരളം. വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊപ്പം തന്നെ പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ട്. പാമ്പുപിടിത്തത്തിന് പരിശീലനം ലഭിച്ച ആളുകള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം സാധാരണക്കാരായ, പാമ്പുകളെക്കുറിച്ച് അറിവില്ലാത്ത ആളുകള്‍ക്ക് പാമ്പ് കടിയേറ്റാല്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.
പാമ്പ് കടിയേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം സജ്ജമാണെങ്കിലും പ്രഥമ ശുശ്രൂഷയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇനിയും സാധാരണക്കാരിലേക്ക് പൂര്‍ണമായും എത്തിയിട്ടില്ല. പാമ്പുകളെ ശത്രുക്കളായി കാണുകയോ, ഭയപ്പെടുകയോ ചെയ്യുകയല്ല വേണ്ടതെന്നും ഈ രംഗത്തെ വിദഗ്ധ നിര്‍ദ്ദേശങ്ങളെ മാനിച്ചുകൊണ്ടുള്ള കരുതലാണ് ആവശ്യമെന്നും കൂടി വാവ സുരേഷിന് സംഭവിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ അയാളെ എത്രയും വേഗം പാമ്പുകടി ചികിത്സയ്ക്കുള്ള സംവിധാനമുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നത് തന്നെയാണ് പരമപ്രധാനം. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവ് പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. ഇത് മനസില്‍ വെച്ചുകൊണ്ടാണ് രോഗിയെ പരിചരിക്കേണ്ടത്. അടിയന്തിര സഹായത്തിനായി സര്‍പ്പ മൊബൈല്‍ ആപ്പ് പോലുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പാമ്പ് കടിയേറ്റുടന് വാവ സുരേഷ് തന്നെ ഇക്കാര്യങ്ങള്‍ നാട്ടുകാരോട് വ്യക്തമാക്കിയെന്നാണ് വിവരം.
കടിയേറ്റ ശേഷമുള്ള ആദ്യ ഒന്നര മിനിറ്റ് നിര്‍ണായകം ; ഉടനടി ചെയ്യേണ്ടത് എന്ത്?
പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തിലാണ് കിടത്തേണ്ടത്. കടിച്ച ഭാഗം മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കരുത്. പാമ്പ് കടിയേറ്റ വ്യക്തിയെ ഭയപ്പെടുത്താതെ ആത്മവിശ്വാസം നല്‍കുക എന്നതാണ് പ്രധാനം. കടിയേറ്റ ആളെ ഉടനടി ആശുപത്രിയിലെത്തിക്കുക.
പാമ്പ് കടിയേറ്റ ആള്‍ക്ക് എന്താണ് കുടിക്കാന്‍ നല്‍കേണ്ടത്?
പാമ്പ് കടിയേറ്റ ആളിന് കുടിക്കാന്‍ ധാരാളം ശുദ്ധജലം നല്‍കേണ്ടതുണ്ട്. ഇതിന് പുറമേ ഉപ്പിട്ട കഞ്ഞി വെള്ളവും നല്‍കാവുന്നതാണ്. ആശുപത്രിയില്‍ എത്തിച്ചുടന് രോഗിക്ക് പാമ്പിന്റെ വിഷത്തിനെതിരായ പ്രതിവിഷം(ആന്റി വെനം) ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.
കടിച്ച പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സയെ സഹായിക്കുമോ?
എല്ലാവര്‍ക്കുമുള്ള സംശയമാണിത്. കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിഞ്ഞാല്‍ ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
പാമ്പ് കടിയേറ്റുടന് പരിഭ്രമിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതും പ്രധാനമാണ്. കടിയേറ്റ ആളെ പരിഭ്രാന്തനാക്കാന്‍ ചുറ്റുമുള്ള ആളുകള്‍ ഒരു കാരണവശാലും ശ്രമിക്കരുത്. ഭയപ്പെടുന്നത് വിഷം ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കും.
ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതല്‍ രക്ത നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു. അതിനാല്‍ മുറിവ് കീറാന്‍ പാടില്ല.
മുറിവിന് മുകളിലായി കയറോ തുണിയോ കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിനിടയാക്കും. മുറിവിന് മുകളില്‍ തുണി കെട്ടണമെന്നുണ്ടെങ്കില്‍ ഒരു വിരല്‍ ഇടാവുന്ന അയവില്‍ വേണം കെട്ടാന്‍. പത്ത് മിനിറ്റ് ഇടവിട്ട് ഇത് അഴിച്ച് കെട്ടേണ്ടതുണ്ട്. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്. പേശികള്‍ക്ക് നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്
ആല്‍ക്കഹോള്‍ പാടില്ല, മൂത്രം കുടിപ്പിക്കുന്നത് അശാസ്ത്രീയം
പാമ്പ് കടിയേറ്റ ആള്‍ക്ക് മധുരമുള്ള പാനീയങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. ഒരു കാരണവശാലും ആല്‍ക്കഹോള്‍ പാടില്ല. ചിലര്‍ മൂത്രം വിഷമിറങ്ങാന്‍ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. ഇങ്ങനെ ചെയ്യാനെ പാടില്ല
ശരീരം കൂടുതല്‍ ഇളകാതെ നോക്കുക
കടിയേറ്റയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്