കൊച്ചി : ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് ഹാജരായി. വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നതിന്കൂടിയാണ് നടപടി. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയിലെത്തിയത്. ആലുവയിലെ ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ 2017 നവംബർ 15 ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ച് ഇന്നലെ ശേഖരിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ശബ്ദ സാംപിളുകൾ ഫോറെൻസിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഒരാഴ്ച്ചയ്ക്കുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷ. തുടർന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കം തീരുമാനിക്കുക.
ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദത്തിന്‍റെ ആധികാരികത ദിലീപ് ചോദ്യം ചെയ്തിട്ടില്ല. ഹൈക്കോടതിയിൽ ഇത് ശാപവാക്കായിരുന്നു എന്നായിരുന്നു ദിലീപിന്‍റെ വാദം. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കും. ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് എഫ്ഐ ആര്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കുന്നത്.