തൃശൂര്‍: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഡ്വ. ബി എ ആളൂരിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ ഭാരവാഹികകളാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. bസ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പട്ടികയില്‍ ആളൂരിനെ ഉള്‍പ്പെടുത്തുവാന്‍ ആലുവ റൂറല്‍ എസ്പി, ഡിജിപി എന്നിവര്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് അഭ്യര്‍ഥിക്കണം. പ്രതിക്ക് ഏറ്റവും കൂടുതല്‍ ശിക്ഷ ഉറപ്പാക്കാന്‍ ആളൂരിന്റെ സാന്നിധ്യം ആവശ്യമാണെന്നു സംഘടന അഭിപ്രായപ്പെട്ടു.
കൊല്ലപ്പെട്ട കുട്ടിക്കും കുടുംബത്തിനും എല്ലവിധ നിയമസഹായവും ചെയ്യും. അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. വാര്‍ത്താസമ്മേളത്തില്‍ സംസ്ഥാന പ്രസിഡന്റ് എം എം ബഷീര്‍, ജനറല്‍ സെക്രട്ടറി മനോജ് കടമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
കൊടും ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയെ കാണാതായി അടുത്ത ദിവസമായിരുന്നു മൃതദേഹം കണ്ടെത്തിയത്. തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതേദേഹം . അതേസമയം, കേസിലെ പ്രതി അസ്ഫാക്ക് ആലം റിമാൻഡിലാണ്. വീട്ടു മുറ്റത്തുനിന്ന് മിഠായി വാങ്ങി നൽകിയായിരുന്നു പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായില്ല. ഒടുവിൽ ഇയാളെ കണ്ടെത്തുമ്പോൾ കൂടെ പെൺകുട്ടി ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിൽ വച്ച് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.