കൊച്ചി: ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതില്‍ പ്രതിഷേധം വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ആലുവ പോലീസ് സ്റ്റേഷനിലേക്കും നാളെ കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.
സര്‍ക്കാര്‍ കേരളത്തില്‍ മദ്യം ഒഴുകുകയാണെന്നും ലഹരിയില്‍ നിന്നും മോചനം ഇല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയില്‍ കുട്ടിയെ കാണാതായത് മുതല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതുവരെയുള്ള സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയവീഴ്ചയാണെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.