തിരുവനന്തപുരം: ആലുവയിൽ ബാലികയെ പീഡനത്തിനിരയാക്കിയ തിരുവനന്തപുരം ചെങ്കല്‍ കാഞ്ഞിരംമൂട്ട്കടവ് കടമ്പക്കല്‍ വീട്ടില്‍ ക്രിസ്റ്റിന് (34) നാട്ടുകാരിൽ ഭീതിവിതച്ച കൊടുംകുറ്റവാളി. പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണ, പീഡന കേസുകളിൽ പ്രതിയാണ്.ആലുവയിലും പരിസരത്തും സതീഷെന്ന പേരിൽ അറിയപ്പെട്ട ഇയാൾ ഇതേപേരിൽ വിയ്യൂർ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. സ്വദേശമായ പാറശ്ശാലയിലും പരിസരങ്ങളിലും യഥാർഥ പേരിന് പുറമെ ഷബിന്, സന്തോഷ് എന്നീ പേരുകളിലും പശുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം പശുപതിയെന്ന വിളിപ്പേരിലും അറിയപ്പെടുന്നു. കുറ്റകൃത്യങ്ങൾ ചെയ്ത് പുൽച്ചാടിയെപോലെ രക്ഷപ്പെടുന്നതിനാൽ ചീവിടെന്ന ഇരട്ടപ്പേരുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പല പേരുകളിൽ ആൾമാറാട്ടം നടത്തി ബലാത്സംഗവും മോഷണവും ചെയ്യുന്ന ക്രിസ്റ്റിൻ ഇനിയൊരിക്കലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ബന്ധുക്കൾക്ക് ഉറപ്പുകൊടുത്താണ് ജയിൽ മോചിതനായതെന്ന് ഇയാളുടെ അമ്മ പറയുന്നു. കുഞ്ഞുനാൾ മുതൽ മോഷണമടക്കമുള്ള കേസുകളിൽപെട്ട ക്രിസ്റ്റിനെതിരെ 2017ല്‍ സമീപവാസിയായ മാനസികവിഭ്രാന്തി നേരിടുന്ന വൃദ്ധയെ പീഡിപ്പിച്ചതിന് പാറശ്ശാല പൊലീസിൽ കേസുണ്ട്. കാഞ്ഞിരംമൂട്ട്കടവ് പാല് സൊസൈറ്റിക്ക് സമീപം കെട്ടിയിരുന്ന പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതാണ് പാറശ്ശാല പൊലീസിലെ മറ്റൊരു കേസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്ന സംഭവവുമുണ്ട്. ഓരോ കുറ്റകൃത്യം ചെയ്തശേഷം വ്യാജ പേരുകളിൽ പല പ്രദേശങ്ങളിലായി ഒളിവില്‍ കഴിയുന്നതാണ് പതിവ്.
2022 നവംബറിൽ പെരുമ്പാവൂരില്‍ മോഷണ കേസിൽ വിയ്യൂർ ജയിലിൽ തടവിൽ കഴിഞ്ഞത് വ്യാജ പേരും വിലാസവും ഉപയോഗിച്ച്. കഴിഞ്ഞമാസം 10നാണ് ഈ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതേസമയം നെയ്യാറ്റിൻകര കോടതിയിൽ ക്രിസ്റ്റിൻ എന്ന പേരിൽ പ്രതിയായ മറ്റൊരു കേസിന്റെ വിചാരണ നടക്കുന്നുണ്ടായിരുന്നു. എന്നാൽ സതീഷെന്ന പേരിൽ വിയൂരിൽ തടവിൽ കഴിഞ്ഞ ക്രിസ്റ്റിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
കുറ്റകൃത്യം ആവർത്തിക്കില്ലെന്ന ഉറപ്പിലാണ് വയോധികയെ പീഡിപ്പിച്ച കേസിൽ ബന്ധുക്കൾ ജാമ്യം ലഭിക്കാനാവശ്യമായ സഹായം ചെയ്തത്. ബന്ധുവിനൊപ്പം ജോലിക്കെന്ന പേരിൽ ഒന്നരവർഷം മുമ്പ് നാട്ടിൽനിന്ന് പോയ മകനെക്കുറിച്ച് അമ്മ പിന്നീട് കേട്ടത് വ്യാഴാഴ്ചയാണ്. ആലുവയിൽ ബാലികയെ പീഡിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായ വിവരമറിഞ്ഞ് അമ്മ വിതുമ്പി. നാട്ടിൽനിന്ന് പോയ ശേഷം പലതവണ മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് അമ്മ പറയുന്നു.
പകൽ മുഴുവൻ കഞ്ചാവുൾപ്പെടെയുള്ള ലഹരി ഉപയോഗിച്ച് വീട്ടിനകത്ത് വാതിലടച്ച് കഴിയുന്ന സ്വഭാവമാണ് മകനെന്നും രാത്രികാലങ്ങളിലാണ് പുറത്തിറങ്ങാറെന്നും അമ്മയും അയൽവാസികളും പറയുന്നു. രാത്രി പോവുമ്പോൾ എവിടേക്കാണെന്ന് ചോദിച്ചാൽ തെറി പറയും. രാവിലെയാണ് വീട്ടിലേക്ക് തിരിച്ചുവരുന്നത്. മദ്യപിച്ചത് ചോദ്യം ചെയ്താൽ ചീത്ത വിളിക്കും. മുറിയിൽ തന്നെ പ്രാഥമിക കൃത്യം നിർവഹിച്ച് വസ്ത്രങ്ങൾക്കിടയിലും മറ്റും വെക്കും. കുഞ്ഞുനാൾ മുതൽ കൂട്ടുകൂടി മൊബൈലും മറ്റും മോഷ്ടിച്ച് തുടങ്ങിയതാണെന്നും അമ്മ കണ്ണീരോടെ പറയുന്നു.
ക്രിസ്റ്റിൻ ചെയ്ത നീച വൃത്തികൾ കേൾക്കുമ്പോൾ പേടിയാണെന്ന് അയൽവാസികളായ അമ്മമാർ പറയുന്നു. തടവ് ശിക്ഷ അനുഭവിച്ചശേഷം നാട്ടിൽ കണ്ടിട്ടില്ലെന്നും പറയുന്നു. രാത്രി സഞ്ചാരത്തിനിടെ കോഴിയോ മൊബൈൽ ഫോണുകളോ കൈയിൽ കിട്ടുന്നതെന്തായാലും മോഷ്ടിക്കുന്നതാണ് ക്രിസ്റ്റിന്റെ പതിവ്. മോഷണ വസ്തുക്കൾ വിറ്റ് ലഭിക്കുന്ന പണം മദ്യത്തിനും മയക്കുമരുന്നിനും വേണ്ടിയാണ് ചെലവഴിക്കുന്നത്.