മുംബൈ ∙ പൊലീസ് നോക്കിനിൽക്കെ ശിവസേനാ പ്രവർത്തകർ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കിരിത് സോമയ്യ രംഗത്ത്. മഹാരാഷ്ട്രയിലെ ഭരണകക്ഷി പാർട്ടിയുടെ നൂറോളം ഗൂണ്ടകൾ ചേർന്ന് മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനു പുറത്തു കാറിനു നേരെ കല്ലേറു നടത്തിയെന്നാണു കിരിത് സോമയ്യയുടെ ആരോപണം. കിരിത് സോമയ്യയ്‌ക്കു നേരെ നടന്ന ആക്രമണത്തിന്റെ വിഡിയോ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. ചോരയൊലിക്കുന്ന മുഖവുമായി കിരിത് സോമയ്യയെ ഈ വിഡിയോയിൽ കാണാം. ശിവസേന പ്രവർത്തകരുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ കിരിത് സോമയ്യ സഞ്ചരിച്ച കാറിന്റെ ചില്ലുകളിലൊന്ന് തകർന്നിട്ടുമുണ്ട്.
‘മഹാരാഷ്ട്രയിലും മുംബൈയിലും ക്രമസമാധാനവും നിയമപാലനവും പൂർണമായും തകർന്നിരിക്കുന്നു. പൊലീസുകാർ നോക്കിനിൽക്കെയാണ് പൊലീസ് സ്റ്റേഷനു പുറത്ത് ബിജെപി നേതാവ് കിരിത് സോമയ്യയെ ഒരു കൂട്ടം ഗുണ്ടകൾ ആക്രമിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ഏറ്റവും കടുത്ത നടപടി വേണമെന്നാണ് ഞങ്ങളുടെ ആവശ്യം’ – വിഡിയോ പങ്കുവച്ച് ഫഡ്നാവിസ് കുറിച്ചു. ആക്രമണത്തിന് ഇരയായതിനു പിന്നാലെ കിരിത് സോമയ്യ ബാന്ദ്ര സ്റ്റേഷനിലെത്തി പരാതി നൽകി. തന്റെ വാഹനത്തിനുള്ളിൽത്തന്നെ ഇരുന്ന സോമയ്യ, അക്രമികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കേസ് റജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽനിന്ന് പോകില്ലെന്നും നിലപാടെടുത്തു.
‘എനിക്ക് പരുക്കേറ്റിരിക്കുന്നു. ഞാൻ ഇപ്പോഴും കാറിനുള്ളിൽ ഇരിക്കുകയാണ്. ആക്രമണം നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിന്ന പൊലീസുകാർക്കും മാഫിയ സേനയുടെ ഗുണ്ടകൾക്കുമെതിരെ നടപടി എടുക്കും വരെ ഞാൻ ബാന്ദ്ര സ്റ്റേഷനിൽ ഈ കാറിനുള്ളിൽ ഇരിക്കും’ – കിരിത് സോമയ്യ ട്വീറ്റ് ചെയ്തു. ‘എനിക്കിപ്പോഴും ഞെട്ടൽ വിട്ടുമാറുന്നില്ല. അൻപതിലധികം പൊലീസുകാരുടെ കൺമുന്നിലാണ് ശിവസേനയുടെ ഗുണ്ടകൾ എന്നെ കല്ലുകൊണ്ട് ആക്രമിച്ചത്. കൊല്ലാനായിരുന്നു ശ്രമം. ഈ സമയത്ത് പൊലീസ് കമ്മിഷണർ എന്തെടുക്കുകയാണ്? പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇത്രയധികം ഗുണ്ടകൾ സംഘടിച്ചത് എങ്ങനെയാണ്?’ – മറ്റൊരു ട്വീറ്റിൽ സോമയ്യ ചോദിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്കു മുന്നിൽ ‘ഹനുമാൻ ചാലിസ’ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ അറസ്റ്റിലായ അമരാവതിയിലെ സ്വതന്ത്ര എംപി നവ്നീത് റാണ, അവരുടെ ഭർത്താവും എംഎൽഎയുമായ രവി റാണ എന്നിവരെ ഖാർ പൊലീസ് സ്റ്റേഷനിൽ സന്ദർശിച്ച് മടങ്ങും വഴിയാണ് ഒരു സംഘം ആളുകൾ സോമയ്യയുടെ വാഹനം ആക്രമിച്ചത്. സോമയ്യ പൊലീസ് സ്റ്റേഷനിലെത്തി ഇവരെ കാണുന്നതിനെതിരെ ശിവസേന പ്രതിഷേധം അറിയിച്ചിരുന്നു. മതത്തിന്റെ പേരിൽ ശത്രുത വർധിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.