തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ശ്രദ്ധ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ജിഷ്ണു പ്രണോയുടെ കുടുംബം. ‘പാലക്കാട് നെഹ്റു കോളേജിൽ ജിഷ്ണു മരിച്ച ഘട്ടത്തിൽ ഇനിയൊരു കുടുംബത്തിനും ദുരവസ്ഥ ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാൽ ജിഷ്ണു വീണ്ടും ആവർത്തിക്കുകയാണ്. ശ്രദ്ധയുടെ കുടുംബം ഇന്ന് കടന്നുപോകുന്നത് ഞാനനുഭവിച്ച വേദനയിലൂടെയാണ്. ഇതൊരു തീരാനോവാണ്’- മഹിജ ഓൺലൈനിനോട് പ്രതികരിച്ചു.
‘കുഞ്ഞുമക്കളെ വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വളർത്തിയെടുക്കുന്നത്. അവർക്ക് നല്ല ഭാവിയുണ്ടാകാനാണ് ഇത്തരം കോളേജുകളിലേക്ക് അയക്കുന്നത്. എന്നാൽ ഇതൊക്കെ ജയിലറകൾക്ക് സമാനമായാണ് കുട്ടികളോട് പെരുമാറുന്നത്. ശ്രദ്ധയുടെ മരണം അറിഞ്ഞത് മുതൽ കടുത്ത മനോവിഷമത്തിലാണ്.’ പ്രതികരിക്കുന്ന കുട്ടികളെ അടിച്ചമർത്തി ഇല്ലാതാക്കുകയാണെന്നും വിദ്യാർത്ഥി സംഘടനകളുണ്ടായിരുന്നെങ്കിൽ കുട്ടികൾ ഒറ്റപ്പെട്ട് പോകില്ലായിരുന്നുവെന്നും മഹിജ പറഞ്ഞു.