ശ്രീനഗർ: അമര്‍നാഥില്‍ മിന്നല്‍പ്രളയത്തില്‍ കാണാതായ 40 പേര്‍ക്കായുള്ള തിരച്ചില്‍ വിഫലമാകുന്നു. തിരച്ചില്‍ വിപുലപ്പെടുത്തിയിട്ടും ഞായറാഴ്ച ഒരാളെപോലും കണ്ടെത്താനായില്ല. ശനിയാഴ്ച ഒരു മൃതദേഹമാണു കണ്ടെത്തിയത്. കാലാവസ്ഥ തന്നെയാണു പ്രതിസന്ധിയായി തുടരുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്ന പാതകളും തകർന്നിട്ടുണ്ട്. വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനമാണു പുരോഗമിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും ആധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 16 പേരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. പരുക്കേറ്റ 48 പേരിൽ ചിലരുടെ നില ഗുരുതരമാണ്. അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ തീർഥാടകരോടു ബേസ് ക്യാംപുകളിൽ തുടരാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
യാത്ര ഉടന്‍ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. അമർനാഥ് തീർഥാടന പാതയിലുണ്ടായ പ്രളയദുരന്തത്തിനു കാരണം മേഘസ്ഫോടനമല്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പു വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ അമർനാഥിലുള്ള ബേസ് ക്യാംപിൽ പെരുന്നാൾ നമസ്കാരത്തിനു ശേഷം, അപകടത്തിൽപ്പെട്ട അമർനാഥ് യാത്രികർക്കായി പ്രത്യേക പ്രാർഥന നടന്നു.