ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുക മാത്രമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…കറിവേപ്പിലയിൽ ആന്റി ഓക്സിഡൻറുകളും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. വേഗത്തിലുള്ള മെറ്റബോളിസം കലോറി കുറയ്ക്കന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ദഹനം അത്യന്താപേക്ഷിതമാണ്. വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നതിനും കറിവേപ്പില സഹായകമാണ്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
കറിവേപ്പിലയിലെ നാരുകൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഫെെബർ സഹായിക്കുന്നു. ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. കറിവേപ്പിലയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അധിക ജലഭാരത്തെയും നീക്കം ചെയ്യാൻ സഹായിക്കുന്നു.കറിവേപ്പിലയിൽ അവശ്യ പോഷകങ്ങളായ വിറ്റാമിനുകൾ എ, ബി, സി, ഇ എന്നിവയും കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയതാണ്. കറിവേപ്പിലയിലെ ചില സംയുക്തങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.കറിവേപ്പില പ്രോട്ടീൻ, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് മുടി നാരുകൾ ശക്തിപ്പെടുത്തുന്നതിനും വേഗത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ കരുത്തും മുടിയുടെ തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.