ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സര്‍വീസായ അലെക്സയില്‍ നിന്ന് നിരവധിപ്പേരെ പിരിച്ചുവിടുന്നു. ബിസിനസ് മുന്‍ഗണനകളില്‍ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി തീരുമാനിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മറ്റ് മേഖലകളില്‍ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുന്നത്.
അലെക്സ യൂണിറ്റില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ പുതിയ തീരുമാനം ബാധിക്കുമെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തിയെങ്കിലും എത്ര പേരെ പിരിച്ചുവിടുമെന്ന് കൃത്യമായി പറയാന്‍ ആമസോണ്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബിസിനസിലെ മുന്‍ഗണനകളോട് കൂടുതല്‍ ഒത്തുപോകുന്ന തരത്തിലും ഉപഭോക്താക്കള്‍ കൂടുതലായി താത്പര്യപ്പെടുന്നത് എന്തൊക്കെയെന്ന് മനസിലാക്കിയും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ചില മാറ്റം കൊണ്ടുവരികയാണെന്നും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധയും പരിശ്രമവും കേന്ദ്രീകരിക്കുന്നത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണെന്നും അലെക്സ ആന്റ് ഫയര്‍ ടിവി വൈസ് പ്രസിഡന്റ് ഡാനിയല്‍ റൗഷ് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. പുതിയ മാറ്റങ്ങളോടെ ചില പദ്ധതികള്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ഡിവിഷനുകളില്‍ നിന്ന് ആമസോണ്‍ പിന്മാറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മ്യൂസിക്, ഗെയിമിങ് വിഭാഗങ്ങളില്‍ നിന്നും ഹ്യൂമണ്‍ റിസോഴ്സസ് വിഭാഗത്തില്‍ നിന്നും ആമസോണ്‍ വലിയ തോതില്‍ ആളുകളെ കുറയ്ക്കുന്നതായാണ് വിവരം. അതേസമയം സമാന സ്വഭാവത്തിലുള്ള നിരവധി കമ്പനികള്‍ തങ്ങളുടെ പ്രധാന മേഖലയായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചെറിയ സൂചനകളില്‍ നിന്നും വിശദമായ ടെക്സ്റ്റ് പ്രതികരണങ്ങള്‍ ലഭ്യമാക്കുന്നതിനും അതിനാവശ്യമായ കോഡുകളും ഉള്‍പ്പെടുന്ന മേഖലയാണിത്.
ആമസോണിന്റെ ഡിവൈസസ് ആന്റ് സര്‍വീസസ് ബിസിനസ് ലാഭമുണ്ടാക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും വീടുകളുടെ ഓട്ടോമേഷന്‍ ഉള്‍പ്പെടെയുള്ളവയ്ക്കും സഹായിക്കുന്ന വോയിസ് അസിസ്റ്റന്റ് സേവനമാണ് അലെക്സ. എന്നാല്‍ ഒരു പതിറ്റാണ്ടോളമായി വിപണിയിലുള്ള അലെക്സയ്ക്ക് കാലഘട്ടത്തിന്റെയും സാങ്കേതിക വിദ്യയുടെയും മാറ്റത്തിന് അനുസൃതമായി മാറാന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.