ദില്ലി: പ്രഖ്യാപിച്ചതിലും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആമസോൺ വ്യക്തമാക്കിയിരുന്നു. ജനുവരി 18 മുതൽ നടപടി ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി പറഞ്ഞു.
ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിടൽ നടത്തിയതിന് പിന്നാലെ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററും ഫേസ്ബുക്കും പിരിച്ചുവിട്ടതിലും കൂടുതൽ പേരെ പിരിച്ചുവിടുമെന്നായിരുന്നു അന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടമായി 10,000 പേരെ പുറത്താക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോൾ 8000 പേരെ കൂടി ചേർത്ത് 18,000 പേരെ പുറത്താക്കുമെന്നാണ് ആമസോൺ വ്യക്തമാക്കിയത്.
ഇന്ത്യയിൽ, കമ്പനിയുടെ പ്രധാന ഓഫീസുകൾ ബെംഗളൂരുവിലാണ് ഉള്ളത്. മറ്റ് പ്രധാന നഗരങ്ങളിൽ കോ-വർക്കിംഗ് സ്പേസുകളിൽ നിന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. നേരിട്ടും അല്ലാതെയും ഇന്ത്യയിൽ ആമസോൺ 1.1 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു.
സാങ്കേതിക മാന്ദ്യം കൂടുതൽ വഷളാകുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് കൂടുതൽ പേരെ പിരിച്ചുവിടാൻ കമ്പനി സമ്മർദ്ദത്തിലാകുന്നത്. വിവിധ മേഖലകളിലെ തൊഴിലാളികളോട് മാറ്റ് ജോലികൾ തേടാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്ക് ലാഭം ലഭിക്കാത്ത ഡിപ്പാർട്ടുമെന്റുകളിലെ തൊഴിലാളികളാകും ആദ്യം പുറത്താക്കുക.
എഞ്ചിനീയറിംഗ് ഉൾപ്പെടെ നിരവധി മേഖലകളിൽ നിന്നും ആമസോൺ ജീവനക്കാരെ പിരിച്ചുവിട്ടേക്കും ആഗോളതലത്തിൽ നിരവധി വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ചെലവ് ചുരുക്കാനും ആഗോള മാന്ദ്യ സാധ്യതയും കമ്പനികളെ തൊഴിൽ വെട്ടികുറയ്ക്കുന്ന തീരുമാനത്തിലേക്ക് നയിക്കുന്നു.