നവ സാങ്കേതികവിദ്യ വികസിപ്പിച്ചതില്‍ വളരെ സുന്ദരവും ഏറെ പ്രയോജനപ്രദവുമായ കണ്ടുപിടിത്തമായിരുന്നു അലക്‌സയുടേത്. അലക്‌സ വന്നതോടെ ജീവിതം കൂടുതല്‍ ഈസിയാകുന്നതായി പലര്‍ക്കും തോന്നി. ചിലര്‍ക്ക് അലക്‌സ അഡിക്റ്റുകള്‍ വരെയായി. ആളുകള്‍ ഇത്രയധികം സ്‌നേഹത്തോടെ ഏറ്റെടുത്ത തങ്ങളുടെ വോയിസ് അസിസ്റ്റന്റ് അലക്‌സയെ കൂടുതല്‍ സുന്ദരമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ആമസോണ്‍. നിങ്ങള്‍ക്കിഷ്ടമുള്ള ഏത് ശബ്ദത്തിലും ആരുടെ ശബ്ദത്തിലും സംസാരിക്കുന്ന വിധത്തിലാണ് ആമസോണ്‍ അലക്‌സയെ ഒരുക്കാനിരിക്കുന്നത്. അരികിലില്ലാത്ത നിങ്ങളുടെ പങ്കാളിയുടേതാകട്ടെ, നിങ്ങളുടെ പ്രായമായ മുത്തശ്ശിയുടേതാകട്ടെ, ഇഷ്ടമുള്ള സിനിമാതാരത്തിന്റേതാകട്ടെ ഇത് ശബ്ദം കേള്‍പ്പിച്ചാലും അത് അനുകരിക്കാനാണ് അലക്‌സയ്ക്ക് കഴിവ് നല്‍കാന്‍ പോകുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ഒരു ശബ്ദം കേട്ടാല്‍ തന്നെ അനുകരിക്കാന്‍ സാധിക്കുന്ന കഴിവ് അലക്‌സയ്ക്ക് ഉടന്‍ ലഭിച്ചേക്കും.
പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്നും തങ്ങള്‍ ഇത്തരമൊരു കാര്യം ആലോചിക്കുന്നുണ്ടെന്നും ആമസോണ്‍ വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ് സ്ഥിരീകരിച്ചു. 100 മില്യണ്‍ കസ്റ്റമേഴ്‌സാണ് നിലവില്‍ അലക്‌സയ്ക്കുള്ളത്. പുതിയ മാറ്റങ്ങള്‍ കൂടി വരുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടും. ആരുടേയും ശബ്ദം അനുകരിക്കുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയും ആമസോണിനുണ്ട്. ഇതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നുവരികയാണ്.