തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ചില്ലറക്കാരനല്ലെന്ന് കണ്ടെത്തിയ പോലീസ് ഇയാളുടെ വിദ്യാഭ്യാസയോഗ്യതകളടക്കം കണ്ട് അമ്പരക്കുകയാണ്. കൊടുംകുറ്റവാളിയാണ് രാജേന്ദ്രൻ എന്ന് നേരത്തേ തന്നെ തെളിഞ്ഞതാണ്. 2014-ൽ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയ രാജേന്ദ്രൻ, സ്വർണത്തിനായി വേറെ ഒരു കൊലപാതകവും നടത്തിയിട്ടുണ്ട്.
എന്നാൽ ഇയാളുടെ പശ്ചാത്തലം അന്വേഷിച്ച് പോയ പോലീസിന് വ്യക്തമായത് ഇയാൾ എംഎ എക്കണോമിക്സ് ബിരുദധാരിയാണെന്നാണ്. അതിന് ശേഷം ഓൺലൈനായും വിദൂരവിദ്യാഭ്യാസകോഴ്സ് വഴിയും എംബിഎ ബിരുദവും നേടി. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിംഗ് നടത്താറുണ്ടെന്നും വ്യക്തമായി.
അമ്പലമുക്കിൽ ജോലിക്ക് നിന്നിരുന്ന കടയിൽ വച്ച് വിനിതയെ കൊന്ന് മോഷ്ടിച്ച സ്വർണമാല വിറ്റ് രാജേന്ദ്രൻ ഈ തുക നിക്ഷേപിച്ചതും ഓൺലൈൻ ട്രേഡിംഗിലാണ്. മാല കന്യാകുമാരിയിൽ പോയി പണയം വച്ച് കിട്ടിയത് മുപ്പത്തിരണ്ടായിരം രൂപയാണ്. അതും ഓൺലൈൻ ട്രേഡിംഗിന് ഉപയോഗിച്ചു. ഇത്രയും വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രൻ എന്തിനാണ് പേരൂർക്കടയിലെ ചായക്കടയിൽ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല. ചോദ്യങ്ങൾക്ക് രാജേന്ദ്രൻ കൃത്യം മറുപടി നൽകുന്നുമില്ല.
ആദ്യമൊന്നും തമിഴ്നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ പോലീസിന്‍റെ ചോദ്യം ചെയ്യലിൽ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രൻ പോലീസിനോട് വെളിപ്പെടുത്തൽ നടത്തി. തമിഴ്നാട് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പോലീസിന് ലഭിച്ചു.