വയനാട്: അമ്പലവയല്‍ കൊലപാതകത്തില്‍ പ്രതികളായ അമ്മയും പെൺകുട്ടികളുമായുള്ള തെളിവെടുപ്പില്‍ മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കോടാലിയും വെട്ടുകത്തിയുമാണ് കണ്ടെത്തിയത്. മുഹമ്മദിന്‍റെ വെട്ടിയെടുത്ത കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തി. മരിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്തുള്ള മ്യൂസിയം പരിസരത്ത് നിന്ന് കണ്ടെത്തി. ഇവിടെയായിരുന്നു പെൺക്കുട്ടി മൊബൈൽ ഫോൺ ഉപേക്ഷിച്ചത്. പെൺകുട്ടികളെ അമ്പലവയൽ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവിടെ നിന്ന് കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രി ഏറെ നേരം പോലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പോലീസിന് നൽകിയ മൊഴി. കൊലപെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇതിനായി വലതുകാൽ മുറിച്ചെടുത്ത് സ്കൂൾ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യ പ്ലാൻ്റിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് കീഴടങ്ങാൻ തയ്യാറായതെന്ന് പ്രതികൾ പോലീസിന് നൽകിയ മൊഴിയിലുണ്ട്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളാണ് പെൺകുട്ടികൾ.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി കൊലപാതകം നടത്താനാകില്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ പറഞ്ഞു. തന്‍റെ സഹോദരനും മകനുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം. മുഹമ്മദിനെതിരായ ആരോപണങ്ങൾ തെറ്റാണ്. മുഹമ്മദ് ആ കുടുംബത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.