തിരുവനന്തപുരം : അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവരെ ആരാധിക്കണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം എംപി. തൊഴിലില്ലായ്മയെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്‌പോര് നടക്കുന്നതിനിടെയായിരുന്നു ബിജെപി എംപിയുടെ പ്രതികരണം. ‘മുതലാളിമാരുടെ വക്താവെന്ന് നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം. ഈ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ആളുകള്‍.. അവരുടെ പേരുകള്‍ ഞാന്‍ പറയട്ടെ. അത് റിലയന്‍സ് ആയാലും അംബാനി ആയാലും അദാനിയായാലും ആരായാലും അവരെ ആരാധിക്കണം.
കാരണം അവര്‍ ജോലി നല്‍കുന്നു. ഈ രാജ്യത്ത് നിക്ഷേപം നടത്തുന്ന ഓരോ വ്യവസായിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അവരെ ബഹുമാനിക്കേണ്ടതുണ്ട് എന്നും കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.രാജ്യത്ത് തൊഴിലില്ലായ്മയാണ് വളരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍ വരുമാന അസമത്വം വര്‍ധിപ്പിക്കുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ആഗോള അസമത്വമെന്നത് വസ്തുതയാണെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മറുപടി പറഞ്ഞു. രാജ്യത്ത് രണ്ട് പേരുടെ സ്വത്ത് വര്‍ധിച്ചെന്നാണ് പ്രതിപക്ഷം വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.