കൊച്ചി: ഹൃദയാഘാതമുണ്ടായ 17കാരിയെ ആംബുലൻസിൽ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത് രണ്ടരമണിക്കൂറിൽ. യാത്രക്കാര്‍ സഹകരിക്കണമെന്നും ആംബുലന്‍സിന് വഴിയൊരുക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ സംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും സന്നദ്ധപ്രവർത്തകരും കൈകോർത്താണ് ആംബുലൻസിന് തടസമില്ലാതെ സഞ്ചരിക്കാൻ വഴിയൊരുക്കിയത്.
17കാരിയായ ആൻമരിയ ജോയിക്ക് കട്ടപ്പന ഇരട്ടയാറിൽവെച്ചാണ് ഹൃദയാഘാതമുണ്ടായത്. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലായിരുന്ന ആൻമരിയയെ അടിയന്തര ചികിത്സക്ക് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നു.
കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി-തൊടുപുഴ-മൂവാറ്റുപുഴ-വൈറ്റില വഴിയാണ് അമൃത ആശുപത്രിയിലെത്തിയത്. ഇവിടങ്ങളിലെല്ലാം പൊലീസും നാട്ടുകാരും ചേർന്ന് ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കി. സ്‌കൂള്‍ കൂടി തുറന്നതു കൊണ്ട് വലിയ തിരക്കായിരുന്നെങ്കിലും ആംബുലൻസിന് തടസമില്ലാതെ കടന്നുപോകാനായി.
ആന്‍ മരിയ ജോയിയെ രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചുവെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നതിന് നന്ദിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡോക്ടര്‍മാരോട് സംസാരിച്ചുവെന്നും ആൻമരിയയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാം എന്ന് അവര്‍ ഉറപ്പു നല്‍കിയെന്നും മന്ത്രി പറഞ്ഞു.