ഡോ. അബ്ദുുൾസലാം, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ
നീഗളേരിയ ഫൗലേറി എന്ന അമീബയാണ് അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന രോഗം ഉണ്ടാക്കുന്നത്. ഇവ സ്വതന്ത്രമായി നനഞ്ഞ മണ്ണിലും വെള്ളത്തിലും ജീവിക്കുന്നു. മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ഇത് മണമറിയിക്കുന്ന ഓൾഫാക്റ്ററി നെർവ് വഴി തലച്ചോറിലെത്തും. ഇവയുടെ ശരീരത്തിലുള്ള ‘ഫുഡ്കപ്പ്’ വഴി തലച്ചോറിനെ തിന്നുതുടങ്ങും. ഇവ ശരീരത്തിന് ഹാനികരമായ വിഷപദാർത്ഥങ്ങൾ ഉണ്ടാക്കുന്നു. ഇതും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു.
തലവേദന, പനി, കുളിരും കിടുകിടുപ്പും, ഓർമക്കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗി അബോധാവസ്ഥയിലേക്ക് പോകും. ഹൃദയത്തെ ബാധിക്കുന്ന മയോകാർഡൈറ്റിസ് ഉണ്ടാകുന്നതുമൂലം രക്തസമ്മർദം ക്രമാതീതമായി കുറയും. തലച്ചോറിനകത്തെ സമ്മർദ്ദവും (സിഎസ്‌എഫ് പ്രഷർ) ക്രമാതീതമായി കുറയും. ഇത് മരണകാരണമാകും.
ചികിത്സ
ചികിത്സയുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നിലവിലില്ല.ഫംഗസ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ആംഫോ ടെറിസിൻ, കണോസോൾ, ബാക്റ്റീരിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന അസിതാമൈസിൻ, ക്ഷയരോഗത്തിന് ഉപയോഗിക്കുന്ന റിഫമിപിസിൻ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്.
നൂറുശതമാനം മരണകാരണമാകുന്ന രോഗത്തിന് 2013ൽ കണ്ടുപിടിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുകൊണ്ട് രണ്ട് രോഗികൾ രക്ഷപ്പെട്ടിട്ടുണ്ട്. ലോകത്ത് 600 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഏഴുപേർ മാത്രമാണ് അതിജീവിച്ചത്. ഇവർ യൂറോപ്പിലും അമേരിക്കയിലുമാണ്. രോഗത്തെ അതിജീവിച്ച ഒരു കേസും ഇന്ത്യയിലില്ല.
എങ്ങനെ പ്രതിരോധിക്കാം
നൂറുശതമാനം മരണസാധ്യതയുള്ള രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം
ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കുക.വെള്ളത്തിൽ മുങ്ങേണ്ടി വന്നാൽ നോസ്‌ക്ലിപ്പുകൾ ഉപയോഗിക്കുക.
പരമാവധി തുറന്ന ജലാശയങ്ങളിലുള്ള കുളിയും വിനോദങ്ങളും ഒഴിവാക്കുക