കോഴിക്കോട്: തലവേദനയും ഛർദിയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരന് പ്രൈമറി അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ വിദ്യാർഥിക്കാണ്, നട്ടെല്ലിൽനിന്നെടുത്ത സ്രവം പുതുച്ചേരിയിലെ ലാബിൽ പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചത്.
ഛർദി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി കുട്ടി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രൈമറി അമീബിക് മെനിഞ്ചോ എൻഫലൈറ്റിസ് അപൂർവ മസ്തിഷ്ക അണുബാധയാണ്.
സാധാരണയായി വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗലക്ഷണങ്ങൾ കാണുകയും വളരെ പെെട്ടന്നു രോഗം മൂർച്ഛിക്കുകയും ചെയ്യും. ജൂൺ 16ന് ഫാറൂഖ് കോളജ് പരിസരത്തെ അച്ചൻകുളത്തിൽ കുളിച്ചതിന് ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു. കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ലോറിനേഷൻ ചെയ്ത് അച്ചൻകുളം അടച്ചിരുന്നു.