വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധം മൂർച്ചിക്കുന്നതിനിടെ ഇസ്രായേലിന് വൻ സാമ്പത്തിക സഹായ വാഗ്ദാനവുമായി അമേരിക്ക. 105 ബില്യൺ ഡോളറാണ് (1.17 ലക്ഷം കോടി രൂപ) പ്രതിരോധത്തിനായി ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. ഇസ്രയേൽ-പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎസ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സഹായം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെക്സിക്കോയുമായുള്ള അതിർത്തി ശക്തിപ്പെടുത്താനും കുടിയേറ്റം തടയാനും കൂടുതൽ പണം അനുവദിച്ചു. അതിർത്തി സുരക്ഷക്കായി 14 ബില്ല്യൺ ഡോളറാണ് ചെലവാക്കുന്നത്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സഹായമായി 61.4 ബില്യൺ ഡോളറും അനുവദിക്കാൻ നിർദേശമുണ്ട്.