വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 21 കൊവിഡ് ബാധിച്ച ജോ ബൈഡന്‍ ഒരാഴ്ചയ്ക്ക് ശേഷം രോഗമുക്തനായിരുന്നു. എന്നാൽ വീണ്ടും റീബൗണ്ട് അണുബാധ ഉണ്ടായന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യ തവണ ലക്ഷണങ്ങളോടെയായിരുന്നു രോഗ ബാധ.
79 കാരനായ ബൈഡന് ശനിയാഴ്‌ച രാവിലെയാണ് ആന്റിജൻ പരിശോധനയിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകിരിച്ചത്. തുടർച്ചയായ നാല് ടെസ്റ്റുകളിൽ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ബൈഡന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്. തുടർന്ന് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല.
എന്നാൽ ഇത്തവണ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പ്രസിഡന്‍റ് കർശന നിരീക്ഷണത്തിലാണെന്നും വൈറ്റ് ഹൌസ് ഡോക്ടർമാർ അറിയിച്ചു. പ്രസിഡന്‍റിന് പ്രത്യേക ചികിത്സ നല്‍കേണ്ട കാര്യമില്ല, എന്നാല്‍ കർശനമായ ഐസോലേഷൻ തുടരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.