ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ അവകാശവാദം വലിയ പ്രതികരണങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് അമേഠിയിലെ ജനങ്ങളെ ഉപയോഗിക്കുകയായിരുന്നു എന്നും മണ്ഡലത്തെ അവരുടെ സ്വകാര്യ സ്വത്തായി കണക്കാക്കിയെന്നുമാണ് ബിജെപി ഇതിനോട് പ്രതികരികരിച്ചത്.
ഗാന്ധിമാര്‍ അമേഠിയിലെ ജനങ്ങളെ ‘ച്യൂയിംഗ് ഗം’ പോലെയാണ് ഉപയോഗിച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ‘കോണ്‍ഗ്രസ് അമേഠിയെ അവരുടെ കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കി. ജനങ്ങളെ ച്യൂയിംഗ് ഗം പോലെ കണക്കാക്കുകയായിരുന്നു. ഇനി ആളുകള്‍ അവരോട് ക്ഷമിക്കില്ല’ നഖ്വി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നാണ് പുതുതായി നിയമിതനായ യുപി കോണ്‍ഗ്രസ് മേധാവി വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. ‘രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കും, അമേഠിയിലെ ജനങ്ങള്‍ ഇവിടെയുണ്ട്” റായ് പറഞ്ഞു.