രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി ജയിൽ ശിക്ഷ വിധിച്ചതിനു പിന്നാലെ സജീവമായ പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സാമൂഹിക നീതി വിഷയത്തിൽ ഡി.എം.കെ നടത്തുന്ന കോൺക്ലേവിലേക്ക് രാജ്യത്തെ ബി.ജെ.പിയല്ലാത്ത 16 കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഒഡിഷ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകക്ഷികളായ ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എന്നിവയും ക്ഷണം ലഭിച്ചവയിൽ പെടും. എൻ.ഡി.എയോട് അകലം പാലിക്കാൻ താൽപര്യമില്ലാത്ത ഇരു കക്ഷികളും പ്രതിനിധികളെ അയക്കുമോയെന്ന് വ്യക്തമല്ല.
സ്റ്റാലിൻ കഴിഞ്ഞ ജനുവരിയിൽ പുതുതായി രൂപം നൽകിയ അഖിലേന്ത്യ സാമൂഹിക നീതി ഫെഡറേഷൻ എന്ന സംഘടനയാണ് പരിപാടി നടത്തുന്നത്. സ്റ്റാലിൻ തന്നെയാകും പരിപാടിയിലെ മുഖ്യ പ്രഭാഷകൻ. ഓരോ കക്ഷിയിലെയും പ്രതിനിധിക്ക് സംസാരിക്കാൻ അവസരം നൽകും.കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, ഝാർഖണ്ഡ് മുക്തി മോർച്ച, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, വൈ.എസ്.ആർ.സി.പി, നാഷനൽ കോൺഫറൻസ്, ഭാരത് രാഷ്രട സമിതി, സി.പി.ഐ, എൻ.സി.പി, ആം ആദ്മി പാർട്ടി, മുസ്ലിം ലീഗ്, എം.ഡി.എം.കെ എന്നിവ പങ്കാളിത്തം ഉറപ്പുനൽകിയിട്ടുണ്ട്. പാർലമെന്റിനകത്തും പുറത്തും കഴിഞ്ഞ ദിവസങ്ങളിലായി നിലനിൽക്കുന്ന രീതി തുടരുന്ന പക്ഷം പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന് ഒരു പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
തൃണമൂൽ കോൺഗ്രസ് അടക്കം കക്ഷികൾ ഏറ്റവും മുതിർന്ന നേതാക്കളെ തന്നെയാകും പരിപാടിക്ക് അയക്കുക.
തങ്ങളുടെ നേതാക്കളെ തെരഞ്ഞുപിടിച്ച് സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവ വേട്ടയാടുകയാണെന്ന ആരോപണവുമായി കഴിഞ്ഞ വെള്ളിയാഴ്ച 14 പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ഏപ്രിൽ അഞ്ചിന് വാദം കേൾക്കും. എ.എ.പി, തൃണമൂൽ, ജനതാദൾ (യുനൈറ്റഡ്), ആർ.ജെ.ഡി, എസ്.പി, ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ), നാഷനൽ കോൺഫറൻസ്, എൻ.സി.പി, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ബി.ആർ.എസ് എന്നിവയാണ് കോടതിയിലെത്തിയത്.