ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിനായുളള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ 2024ൽ കേന്ദ്രസർക്കാറിനെ കോണ്‍ഗ്രസ് നയിക്കുമെന്നും ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എങ്ങനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നതിനെ കുറിച്ച് മറ്റ് കക്ഷികളുമായി തുറന്ന ചർച്ചകൾ നടത്തും. ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം. നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ ഭാഗമായി നാഗാലാൻഡിലെ ചുമുകെദിമയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായുള്ള ഖാര്‍ഗെയുടെ പ്രസ്താവന ഏറെ ഗൗരത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്.
ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം. കോണ്‍ഗ്രസിന് തങ്ങളുടെ ഉത്തരവാദിത്വമെന്താണെന്ന് അറിയാമെന്നും അത് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. കോണ്‍ഗ്രസ് ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, ആപ് എന്നീ പാര്‍ട്ടികള്‍ ആരോപിച്ചതിനോടുള്ള പ്രതികരണം കൂടിയാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന.