ന്യൂഡൽഹി: അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ രേവന്ത് റെഡ്ഡിയുടെ അഭിഭാഷക ഡൽഹി പൊലീസിന് മുന്നിൽ ഹാജരായി. വിഡിയോ ഷെയർ ചെയ്ത ഹാൻഡിൽ രേവന്ത് റെഡ്ഡിയുടേതല്ലെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷക സൗമ്യ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‍ലിം സംവരണം റദ്ദാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന എല്ലാ തരം സംവരണവും റദ്ദാക്കുമെന്നാക്കി പ്രചരിക്കുന്ന വ്യാജ വിഡിയോയുമായി ബന്ധപ്പെട്ടാണ് ഹാജരാകാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത്. വിഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോണുമായി മേയ് ഒന്നിന് രേവന്ത് റെഡ്ഡി ഹാജരാകണമെന്നായിരുന്നു നിർദേശം.
കോൺഗ്രസ് നേതാക്കളടക്കം അഞ്ചുപേർക്ക് കൂടി സമാനമായി നോട്ടീസ് നൽകി. വിഡിയോ പോസ്റ്റ് ചെയ്ത ഒരാളെ അസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ സ്രോതസ്സ് ആരെന്ന് കണ്ടെത്താനാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമൂഹ മാധ്യമമായ എക്സിന് കത്തെഴുതി. വിഡിയോയുടെ പേരിൽ ക്രിമിനൽ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.