ന്യൂഡൽഹി : കർഷക സമരത്തെ തുടർന്ന് ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന യുപിയിലെ ജാട്ട് സമുദായ നേതാക്കളുമായി ചർച്ച നടത്തി അമിത് ഷാ. ഫെബ്രുവരി പത്തിന് സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സമുദായത്തിലെ ഉന്നത നേതാക്കളുമായി ഷാ ചർച്ച നടത്തിയത്. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വലിയൊരു വിഭാഗം വോട്ട് ബാങ്കാണ് ജാട്ട് സമുദായം. സംസ്ഥാന സർക്കാരുമായി പ്രശ്നങ്ങളുണ്ടാകാമെന്നും എന്നാൽ കേന്ദ്ര നേതൃത്വം എപ്പോഴും ജാട്ട് സമുദായത്തിനൊപ്പം നിന്നിട്ടുണ്ടെന്നും അത് തുടരുമെന്നും അമിത് ഷാ നേതാക്കളെ അറിയിച്ചു. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അത് ചർച്ചയിലൂടെ പരിഹരിക്കാമെന്ന ഉറപ്പും അമിത് ഷാ ജാട്ട് നേതാക്കൾക്ക് നൽകി. മുസാഫർനഗറിൽ നിന്നുള്ള ജാട്ട് നേതാവും ബിജെപി എംപിയുമായ സഞ്ജീവ് ബലിയാൻ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
2017ലും 2019ലും ജാട്ട് വിഭാഗത്തിന്റെ പിന്തുണയോടെയാണ് യുപിയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയത്. ജാട്ട് വിഭാഗത്തിന്റെ അതൃപ്തി ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടി കണക്കിലെടുത്താണ് അമിത് ഷാ നേരിട്ട് ചർച്ചനടത്തിയത്. ജാട്ട് സമുദായത്തിന് മേധാവിത്വമുള്ള പ്രദേശങ്ങളിൽ ഷാ ഇന്ന് നേരിട്ട് വീട് കയറി വോട്ട് ചോദിക്കും. കർഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിയോട് അമർഷത്തിലാണ് ജാട്ട് സമുദായം. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നും ദേശീയ നേതൃത്വം തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ തുടർന്നും ഉണ്ടാകണമെന്നും മറ്റൊന്നിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും ഷാ സമുദായ നേതാക്കളോട് പറഞ്ഞു. ജാട്ട് സമുദായത്തിലെ പ്രബല നേതാവായ ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ പാർട്ടി എസ്.പിയുമായി ചേർന്നാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ജയന്ത് ചൗധരിക്ക് മുന്നിൽ ബിജെപി വാതിലടച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷവും സഖ്യ സാധ്യത തുറന്നിടുകയാണെന്നും ബി.ജെ.പി നേതാവും ജാട്ട് സമുദായാംഗവുമായ പർവേഷ് വർമ പറഞ്ഞു. എന്നാൽ ഈ ക്ഷണം ഉണ്ടാകേണ്ടിയിരുന്നത് തനിക്കായിരുന്നില്ലെന്നും മറിച്ച് കർഷക പ്രക്ഷോഭത്തിൽ ജീവൻ നഷ്ടമായ 700 കർഷകരുടെ കുടുംബങ്ങൾക്കായിരുന്നുവെന്നും ജയന്ത് ചൗധരി ട്വീറ്റ് ചെയ്തു. അതേസമയം കൂടിക്കാഴ്ചയിൽ ജാട്ട് നേതാക്കൾ മുന്നോട്ട് വെച്ച പ്രശ്നങ്ങൾക്ക് തിരഞ്ഞെടുപ്പിന് ശേഷം പരിഹാരമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നാണ് സൂചന.