ന്യൂഡൽഹി∙ അടുത്ത വർഷം ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമിക്കുകയായിരുന്നുവെന്നും അമിത് ഷാ ത്രിപുരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രനിർമാണം പാതി വഴി പിന്നിട്ടതായി നവംബറിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂർത്തിയാകുമെന്നും യോഗി വ്യക്തമാക്കിയിരുന്നു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാമക്ഷേത്രം തുറന്നുകൊടുക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പതിറ്റാണ്ടുകളായി നിയമക്കുരുക്കിലായിരുന്ന അയോധ്യ ക്ഷേത്ര നിർമാണം, സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. രണ്ടു നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിൽ അഞ്ച് മണ്ഡപങ്ങൾ ഉണ്ടാകും. തീർഥാടകർക്കായി പ്രത്യേക സൗകര്യങ്ങൾ, മ്യൂസിയം, ആർകൈവ്സ്, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരികൾക്കുള്ള മുറികൾ തുടങ്ങിയവയും സജ്ജമാക്കും.
2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്‌ലിം പള്ളി നിർമിക്കാൻ നൽകാനും കോടതി അന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു.