തൃശൂർ: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ 12 ന് തൃശ്ശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. അഞ്ചിന് നടക്കേണ്ട അമിത് ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. കർണാടകയിലെ ദേവനഹള്ളിയിൽ നടന്ന വിജയ സങ്കൽപ രഥയാത്രയിൽ കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്തിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെ കർണാടകത്തിലും മോദി മാജിക് വിജയിക്കുമെന്നാണ് രഥയാത്രയില്‍ പങ്കെടുത്ത് അമിത് ഷാ പറഞ്ഞത്. മോദിയുടെ ഖബർ കുഴിക്കുമെന്നും, മോദി മരിച്ച് പോകട്ടെയെന്നും മുദ്രാവാക്യം വിളിക്കുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. മോദിയുടെ ദീർഘായുസ്സിനായി ഇന്ത്യൻ ജനത പ്രാർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജയത്തിന് ശേഷം ഇനി കേരളം ലക്ഷ്യമമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി സജീവ രാഷ്ട്രീയ ചർച്ച തുടരുമ്പോഴാണ് അമിത് ഷാ സംസ്ഥാനത്തേക്ക് എത്തുന്നത്. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നുമാണ് മോദി പറഞ്ഞത്.
കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചത്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിന് കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.
ചില താത്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.