ദില്ലി : യുക്രെെനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ ജനുവരി മുതൽ തന്നെ യുക്രെെൻ-റഷ്യ സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ഫെബ്രുവരി 15 ഓടെ തന്നെ യുക്രെെനിലെ വിദ്യാർഥികൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം ആരംഭിച്ചപ്പോൾ മുതൽ വിദ്യാർഥികളെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തി. ഇതിനോടകം തന്നെ 13000 ത്തോളം വിദ്യാർഥികൾ ഇന്ത്യയിൽ തിരിച്ചെത്തിയെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
യുക്രെെൻ വിഷയം തെരഞ്ഞെടുപ്പിലും ഗുണകരമായ മാറ്റം സൃഷ്ടിക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റം ഉണ്ടാകും. ഉത്തർപ്രദേശ് ഉൾപ്പെടെ അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും പഞ്ചാബിൽ മികച്ച നേട്ടം തന്നെയുണ്ടാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.