പാലക്കാട്: കല്ലേപ്പുള്ളി മിൽമ ഡെയറി കോൾഡ് സ്റ്റോറേജിൽനിന്ന് അമോണിയ ചോർന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. വൈകീട്ടോടെ വാതകച്ചോർച്ച രൂക്ഷമായെന്നു കാണിച്ച് നഗരസഭ കൗൺസിലർ ഷജിത് കുമാറിന്റെ നേതൃത്വത്തിൽ അമ്പലക്കാട് നിവാസികൾ മിൽമ ഡെയറിയിലെത്തി പ്രതിഷേധിച്ചു.രാത്രി വൈകിയും പ്രതിഷേധം തുടർന്നതോടെ പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി പ്ലാന്റിൽ പരിശോധന നടത്തി. തുടർന്ന് ചോർന്ന പൈപ്പ് അടച്ചതായി അധികൃതർ സ്ഥിരീകരിച്ചു.വാതകം അന്തരീക്ഷത്തിൽ കലർന്നതോടെ മണിക്കൂറുകളോളം കണ്ണിന് പുകച്ചിലുണ്ടായതായും രൂക്ഷഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. മുമ്പും വാതകം ചോർന്നിട്ടുണ്ടെന്നും സുരക്ഷപാളിച്ച ആവർത്തിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
എന്നാൽ, കൃത്യമായ ഇടവേളകളിൽ പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതാണെന്ന് പ്ലാന്റ് മാനേജർ എസ്. നീരേഷ് പറഞ്ഞു. ഇത്തവണ അറ്റകുറ്റപ്പണികൾക്കിടയിൽ നേരിയ തോതിൽ വാതകം ചോർന്നതായി സ്ഥിരീകരിച്ചു. എന്നാൽ, അപകടകരമായ തോതിൽ വാതകച്ചോർച്ച ഉണ്ടായില്ലെന്നും നീരേഷ് പറഞ്ഞു.പാലക്കാട് അമ്പലക്കാട് കല്ലേക്കാട് മിൽമ പ്ലാന്റിൽനിന്ന് വാതകച്ചോർച്ചയുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു