<strong>തൃശൂർ :</strong പീച്ചി ഡാം റിസർവോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാൾ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 വെന്റിലെറ്ററിൽ നിന്ന് മാറ്റിയതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക 2.30നാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശി അലീന പുലര്‍ച്ചെയോടെ മരിച്ചു. ചികിത്സയിലുള്ള രണ്ട് കുട്ടികളെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തില്‍പ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോണ്‍വന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ പ്ലസ് വണ്‍ വിദ്യാർത്ഥികളുമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജൻ-സിജി ദമ്ബതികളുടെ മകളാണ് അലീന. പുളയിൻമാക്കൽ ജോണി-സാലി ദമ്ബതികളുടെ മകൾ നിമ (12), പട്ടിക്കാട് സജി-സെറീന ദമ്ബതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്ബിൽ ബിനോജ് – ജൂലി ദമ്ബതികളുടെ മകൾ എറിൻ (16) എന്നിവരാണ് അപകടത്തിൽപെട്ട കുട്ടികൾ.