ടെൽ അവീവ്: കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേൽ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും. ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സിൽ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് സേന പുറത്തുവിട്ടത്. വിമാനങ്ങളിൽ രണ്ടെണ്ണമാണ് വനിതകൾ നിയന്ത്രിച്ചത്. ഇസ്രയേൽ ജനതയുടെ സംരക്ഷണത്തിനായി ഞങ്ങൾ എന്ത് ചെയ്യാനും തയ്യാറാണെന്ന കുറിപ്പോടെയാണ് ഐ ഡി എഫ് പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇറാനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. വെറും പത്ത് സെക്കന്‍ഡിനുള്ളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേൽ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചിരുന്നു.
ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെടുന്നത്. ടെഹ്‌റാനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് തരം ആക്രമണങ്ങളെങ്കിലും ഉണ്ടായി എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. ഇറാനിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍, സിറിയ, ഇറാഖ് എന്നീരാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാതകള്‍ മൂന്ന് ദിവസം പൂര്‍ണമായി അടച്ചിരുന്നു. അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നായിരുന്നു ഇറാന്‍ പ്രതികരിച്ചത്.
ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ഒക്ടോബർ 7 മുതൽ ഇറാനിൽ നിന്ന് ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും ഇസ്രായേലിനെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
 
			

















 
                

