അമൃത്സർ ∙ ഖലിസ്ഥാൻ വാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയെ പോലെ രൂപമാറ്റം വരുത്താൻ ‘വാരിസ് പഞ്ചാബ് ദേ’ തലവനായ അമൃത്പാല്‍ സിങ് പ്ലാസ്റ്റിക്ക് സർജറി നടത്തിയതായി റിപ്പോർട്ട്. ജോർജിയയിൽ വച്ചാണ് സർജറി നടത്തിയതെന്നും ഇതിനായി രണ്ട് മാസം അവിടെ താമസിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനു മുൻപാണ് സംഭവമെന്നും പറയുന്നുണ്ട്.
അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന അമൃത്പാലിന്റെ അനുയായികൾ ചോദ്യം ചെയ്യലിനിടെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയതെന്നാണ് സൂചന.ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന രീതിയിൽ തന്നെയാണ് അമൃത്പാലിന്റെയും തുടക്കം. മതപ്രഭാഷകനെന്ന രീതിയിലുള്ള തുടക്കവും മദ്യത്തിൽനിന്നും മയക്കുമരുന്നിൽനിന്നും യുവാക്കളെ അകറ്റുന്ന വിധത്തിലുള്ള പ്രതിജ്ഞയെടുപ്പിക്കലും സിഖ് മതത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകാനുള്ള ആഹ്വാനവുമെല്ലാമാണ് 1980–കളിൽ ഭിന്ദ്രൻവാലയെ തീവ്ര ചിന്താഗതിക്കാരായ ആളുകളുടെ നേതാവാക്കി മാറ്റിയത്. ഇതിനു സമാനമായ വിധത്തിലാണ് അമൃത്പാലിന്റെയും വളർച്ച. രൂപത്തിൽ പോലും ഭിന്ദ്രന്‍വാലയെ അനുകരിക്കുന്ന വിധത്തിലാണ് അമൃത്പാലിന്റെ വേഷവിതാനങ്ങളും. രണ്ടു വർഷം മുൻപു വരെ ക്ലീൻ ഷേവ് ചെയ്തിരുന്ന അമൃത്പാലിന്റെ താടിരോമങ്ങൾ പരമ്പരാഗത സിഖ് രീതിയിൽ വളർന്നിരിക്കുന്നു. ഭിന്ദ്രൻവാലയിലൂടെ പ്രശസ്തമായ തലയിലെ വട്ടക്കെട്ടും നീളമുള്ള ഗൗണുമാണ് അമൃത്പാലിന്റെയും വേഷം.
‘ഡല്‍ഹി’യിലുള്ളവർ തങ്ങളോട് ‘അനീതി’ ചെയ്യുന്നുവെന്നും പഞ്ചാബിലുള്ള അവരുടെ കൂട്ടാളികൾ അതിന് കുടപിടിക്കുന്നു എന്നുമുള്ള ഭിന്ദ്രൻവാലയുടെ ആരോപണം തന്നെയാണ് അമൃത്പാലിന്റേതും. പഞ്ചാബികൾക്ക് അവരുടേതായ രാജ്യം വേണമെന്നും ‘അധർമ’ത്തിന്റെ മാർഗത്തിൽ സഞ്ചരിക്കുന്നവരെ സിഖ് മതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുമുള്ള സമാന ആശയങ്ങളാണ് ഇരുവരുടേയും മതപ്രഭാഷണങ്ങളിലുള്ളതും. ‘‘ഭിന്ദ്രൻവാല എന്റെ പ്രചോദനമാണ്. അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ ഞാന്‍ നടക്കും. എനിക്ക് അദ്ദേഹത്തെ പോലെയാകണം, അതാണ് എല്ലാ സിഖുകാർക്കും വേണ്ടതും, എന്നാൽ ഞാൻ അദ്ദേഹത്തെ അങ്ങനെത്തന്നെ പകർത്തുകയല്ല. അദ്ദേഹത്തിന്റെ കാലിലെ പൊടി തുടയ്ക്കാൻ പോലും എനിക്ക് അർഹതയില്ല’’, എന്നായിരുന്നു വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് അമൃത്പാൽ പ്രസംഗിച്ചത്. ഭിന്ദ്രൻവാലയുടെ മാതൃകയിൽ സുരക്ഷയ്ക്കായി ആയുധധാരികളുടെ നടുവിലാണ് അമൃത്പാലിന്റെയും ജീവിതം.
മാർച്ച് 18നാണ് അമൃത്പാൽ ഒളിവിൽ പോകുന്നത്. പൊലീസ് പിടിയിലായ അനുനായികളെ മോചിതരാക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം 6 കേസുകൾ ഖലിസ്ഥാൻ നേതാവിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്. അമൃത്പാൽ നേപ്പാളിലേക്ക് കടന്നതായി വിവരം ലഭിച്ചെങ്കിലും തെളിവുകളൊന്നും ലഭ്യമല്ല. ഖലിസ്ഥാൻ നേതാവ് ഇപ്പോൾ എവിടെയാണെന്ന് പഞ്ചാബ് പൊലീസിന് ഒരു സൂചനയുമില്ല.