ഷ്ര്യൂസ്ബെറി: കാലിലുണ്ടാകുന്ന വേദന അവഗണിക്കാറുണ്ടോ? ഇരിക്കുന്ന രീതിയിലെ തകരാറുകള്‍ മൂലമോ ശരിയായ രീതിയില്‍ രക്ത ചംക്രമണം നടക്കാത്തത് മൂലമോ എല്ലാം കാലില്‍ വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം വേദനകളെ സാധാരണമെന്ന് അവഗണിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ആരോഗ്യവതിയായ കൌമാരക്കാരിയുടെ മരണം. ഇടയ്ക്കിടെ കാലില്‍ അനുഭവപ്പെട്ടിരുന്ന വേദന അവഗണിച്ച 18 കാരിക്കാണ് ദാരുണാന്ത്യമുണ്ടായത്. വേദന കടുത്തതിന് പിന്നാലെ ശുചിമുറിയില്‍ പോയ 18കാരി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് 18കാരിയായ എയ്മീ സിംഗില്‍ടണിന് 6 തവണയാണ് ഹൃദയാഘാതമുണ്ടായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.
ഏപ്രില്‍ 2നാണ് രാവിലെ ആറ് മണിയോടെയാണ് എയ്മിയ്ക്ക് കാലിലെ വേദന രൂക്ഷമായത്. ഒരു കാലിലെ വേദന അസഹ്യമായെന്ന് എയ്മി വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശുചിമുറിയില്‍ പോയ പതിനെട്ടുകാരി കുഴഞ്ഞു വീഴുകയായിരുന്നു. ഇംഗ്ലണ്ടിലെ ഷ്ര്യൂസ്ബെറിയിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ എയ്മിയെ റോയല്‍ ഷ്ര്യൂസ്ബെറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്തം കട്ടപിടിച്ചതായിരുന്നു എയ്മിയുടെ അകാലമരണത്തിന് ഇടയാക്കിയത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേയ്ക്കും എയ്മിയുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം താറുമാറായിരുന്നുവെന്നും മരിച്ചുവെന്ന് സ്ഥിരീകരിക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ വിശദമാക്കിയെത്ന്നാണ് എയ്മിയുടെ ബന്ധുക്കള്‍ വിശദമാക്കുന്നത്.
കാലിലെ വേദനയെ തുടര്‍ന്ന് നീരു വന്ന നിലയിലായിരുന്നു എയ്മിയുടെ കാലുണ്ടായിരുന്നത്. കുഴഞ്ഞുവീഴുന്ന സമയത്ത് കാലിലെ ഈ നീര് ഇരട്ടിയിലേറെ വലുപ്പവും വച്ചിരുന്നു. രോഗപ്രതിരോധ സംവിധാനത്തിലുണ്ടാവുന്ന തകരാറ് മൂലവും കൊളസ്ട്രോള്‍ മൂലവും ഇത്തരത്തില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. കൃത്യസമയത്ത് ഇത് കണ്ടെത്തിയില്ലെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, ശ്വസന വ്യൂഹത്തിലെ തകരാറ് എന്നിവയുണ്ടാവാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
രക്തം കട്ട പിടിക്കുന്നതിന്റെ സാധാരണ ലക്ഷണങ്ങള്‍
ചുവന്ന് തിണര്‍ക്കുക
ശരീരം ചൂട് പിടിക്കുക
നീര്
പൊടുന്നനെയുണ്ടാവുന്ന നെഞ്ച് വേദന
ചുമയ്ക്കുമ്പോള്‍ രക്തം വരിക
പെട്ടന്ന് ശ്വാസം നിലയ്ക്കുക
രക്തം കട്ടപിടിക്കാനുള്ള കാരണങ്ങള്‍
ചില മരുന്നുകളുടെ പ്രയോഗം
ഗര്‍ഭധാരണം
പുകവലി
അമിത വണ്ണം
ദുര്‍മേദസ്
ആര്‍ത്രറ്റിസ്