മഥുരയിലെ ഇപ്പോഴത്തെ ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കൽ സർവേയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തെ ആരാധനാലയം തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസേബ് അവിടെ മസ്ജിദ് നിർമ്മിച്ചുവെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നിൽക്കുന്ന 13.37 ഏക്കർ സ്ഥലം തിരികെ നൽകണമെന്നും നിർമാൺ ട്രസ്റ്റ് ആവശ്യപ്പെടുന്നു. ശാസ്ത്രീയ സർവേ നടന്നാൽ തങ്ങൾ ഉന്നയിക്കുന്ന വാദങ്ങൾക്ക് അടിസ്ഥാനമായ തെളിവ് ലഭിയ്ക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിന്റെ നിലനില്പുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മറ്റി സമർപ്പിച്ച അപേക്ഷ ആദ്യം പരിഗണിയ്ക്കാൻ ഉള്ള മധുര സിവിൽ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രിം കോടതിയെ സമീപിച്ചത്.