കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. സംഭവം ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അയൽവാസിയായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 -കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുക്കുകായിരുന്നു.
ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. അനക്കമില്ലാതെ കിടക്കുന്ന വയോധികയെ കണ്ട അയൽവാസികൾ അടുത്ത് രാജനെയും കണ്ടുവെന്നാണ് മൊഴി നൽകിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ എന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കാമുകിക്കൊപപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും അതേ കാമുകിയെ പിന്നീട് കൊല ചെയ്യുകയും ചെയ്ത കേസിലെ പ്രതി ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്‌പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കേയാണ് ഇന്ന് മരിച്ചത്.
മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭർത്താവുമായിരുന്ന താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018 -ലാണ് ബഷീർ കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.