ദുബൈ: ദുബൈയില്‍ റസ്റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ എട്ട് പ്രവാസികള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. റസ്റ്റോറന്റിന് 26,000 ദിര്‍ഹത്തിന്റെ നഷ്ടമാണ് ഇവര്‍ വരുത്തിവെച്ചതെന്ന് കേസ് രേഖകള്‍ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികള്‍ എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും.
റസ്റ്റോറന്റ് ഉടമയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. പ്രതികളില്‍ ഒരാള്‍ തന്റെ സ്ഥാപനത്തില്‍ കയറി ഒരു സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ എടുത്ത് കുടിച്ചു. തുടര്‍ന്ന് പണം നല്‍കാതെ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ തടഞ്ഞു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവും അത് കൈയാങ്കളിയിലെത്തുകയും ചെയ്‍തു. ഇതിനൊടുവില്‍ താന്‍ തിരിച്ചുവരുമെന്നും അപ്പോള്‍ കാണിച്ച് തരാമെന്നും ഭീഷണി മുഴക്കി ഇയാള്‍ സ്ഥലം വിട്ടു.
അല്‍പം കഴിഞ്ഞ് മറ്റ് ഏഴ് പേരെയും കൊണ്ട് ഇയാള്‍ തിരിച്ചുവന്നു. അവരുടെ കൈവശം വടികളും ഇഷ്ടികകളുമുണ്ടായിരുന്നു. റസ്റ്റോറന്റിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച വാതില്‍ അടിച്ചുതകര്‍ത്തു. മറ്റ് ചില സാധനങ്ങളും നശിപ്പിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. 26,000 ദിര്‍ഹത്തിന്റെ നഷ്ടം പ്രതികള്‍ ഉണ്ടാക്കിയെന്ന് രേഖകള്‍ പറയുന്നു.
പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ എട്ട് പേരും അറസ്റ്റിലായി. കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി, എല്ലാ പ്രതികള്‍ക്കും മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതികള്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്.