തിരുവനന്തപുരം: കേശവദാസപുരം കൊലക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിൽ മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തി. കൊലപാതക കുറ്റം സമ്മതിച്ച പ്രതി, താളിയുണ്ടാക്കാൻ ചെമ്പരത്തിപ്പുകൾ ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയതെന്നും പൊലീസിനോട് പറഞ്ഞു.
നാടിനെ നടുക്കിയ കൊലപാതക കേസിൽ പ്രതിയുമായി പോലീസ് എത്തുന്നത് അറിഞ്ഞ് നേരത്തെ തന്നെ നാട്ടുകാർ അടക്കം വലിയൊരു സംഘം സംഭവസ്ഥലത്ത് കൂടി നിന്നിരുന്നു. കനത്ത സുരക്ഷയിൽ പ്രതിയുമായി സംഭവസ്ഥലത്ത് അന്വേഷണസംഘം എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധം ഉയർത്തി. പ്രതി ആദം അലിയെ ആദ്യം എത്തിച്ചത് മനോരമയെ കൊന്നു കെട്ടി താഴ്ത്തിയ കിണറ്റിനടുത്താണ്. പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച പ്രതി കൊലപാതകത്തിനു ശേഷം ആയുധം വീടിൻറെ ഓടയിലേക്ക് എറിഞ്ഞതായി പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് പുറത്തെ ഓടയിൽ നിന്ന് കൊലക്കത്തി കണ്ടെടുത്തു. വീട്ടുകാർ കിണർ വറ്റിച്ച് ഓട പമ്പടിച്ച് വൃത്തിയാക്കിയപ്പോൾ കത്തി ഒഴുകി പുറത്തെ ഓടയിൽ വീണു എന്നാണ് കരുതുന്നത്. ഇതിന് പിന്നാലെയാണ് പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം ഉണ്ടായത്.
ഉടൻ തന്നെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി. പിന്നീട്, കൊലപാതകം നടന്ന മനോരമയുടെ വീട്ടിലും പ്രതികൾ താമസിച്ചിരുന്ന നിർമ്മാണം നടക്കുന്ന കെട്ടിടത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മനോരമ വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് ആദം അലി ആക്രമിക്കാൻ എത്തിയത്. വീടിൻറെ പിന്നിൽ നിൽക്കുകയായിരുന്ന മനോരമയോട് ചെമ്പരത്തിപ്പൂക്കൾ തരാമോ എന്ന് ചോദിച്ചാണ് അടുത്തെത്തിയത്. തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തറക്കാൻ ശ്രമിച്ചപ്പോൾ മനോരമ ഉച്ചത്തിൽ കരഞ്ഞു. തുടർന്ന് സാരിത്തുമ്പു കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
മൃതദേഹം എങ്ങനെ മതിൽ ചാടി കിണറ്റിൽ എത്തിച്ചു എന്നുള്ളത് പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. മോഷണശ്രമമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്റെ അനുമാനം. എന്നാൽ മനോരമയുടെ ശരീരത്തിൽ നിന്ന് കാണാതായ ആഭരണങ്ങൾ കുറ്റകൃത്യത്തിൻറെ ഉദ്ദേശം തെളിയിക്കാൻ കണ്ടെടുക്കേണ്ടതുണ്ട്. കൊലപാതകത്തിനുശേഷം നാടുവിടുമ്പോൾ ആദമിന്റെ കൈയിൽ ഉണ്ടായിരുന്ന കറുത്തബാഗ് കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്നില്ല. ആ ബാഗ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.