തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. കഴിഞ്ഞ ദിവസമാണ് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് തുടക്കമായത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയിലെ 14 നിയമസഭ സീറ്റിൽ 13 ലും ഇടത് മുന്നണിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
അതിന് മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വമ്പിച്ച മുന്നേറ്റം ജില്ലയിലുണ്ടാക്കാൻ സിപിഎമ്മിന് കഴിഞ്ഞു. അതേസമയം മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഏതാനും ദിവസങ്ങളിൽ ഉണ്ടാകില്ല. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂർണ്ണ സമയം സമ്മേളനത്തിൽ പങ്കെടുക്കും.