മലപ്പുറം: മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവും 15,000 രൂപ ശിക്ഷയും വിധിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ മുഹമ്മദ് ഷാ എന്ന ഷാഫി മുന്ന(31) ക്കാണ് പെരിന്തൽമണ്ണ അതിവേഗ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷ വിധിച്ചത്. 2018ൽ കൊളത്തൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
മാപ്പിളപ്പാട്ട് പരിശീലകനായ പ്രതി ജോലി ചെയ്യുന്ന വറ്റലൂർ മേൽകുളമ്പിലെ മുറിയിൽ വച്ച് പാട്ട് പഠിക്കാൻ എത്തിയപ്പോൾ രാത്രി ഒൻപതിന് പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ ഒരു വകുപ്പ് പ്രകാരം അഞ്ച് വർഷവും 10,000 രൂപയും, മറ്റൊരു വകുപ്പിൽ മൂന്ന് വർഷവും അയ്യായിരം രൂപയും, ജുവനൈൽ നിയമപ്രകാരം ഒരു വർഷം തടവും അനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ട് വകുപ്പിലുമായി ആറുമാസം കൂടി തടവ് അനുഭവിക്കണം.
ശിക്ഷയുടെ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പരാമാവധി അഞ്ച് വർഷമാണ് തടവ് ശിക്ഷ ലഭിക്കുക. പിഴയടക്കുന്നപക്ഷം പീഡനത്തിനിരയായ കുട്ടിക്ക് തുക നൽകാനും വിധിച്ചു. പെരിന്തൽമണ്ണ പൊലിസ് ഇൻസ്‌പെക്ടറായി രുന്ന ടി.എസ് ബിനു, സബ് ഇൻസ്‌പെക്ടറായിരുന്ന പി. സദാനന്ദൻ എന്നിവർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ ആർ. മധുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.