മലപ്പുറം: സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ വാർത്ത സമ്മേളനത്തിൽ അനുവാദമില്ലാതെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ കയറിക്കൂടിയതിൽ വിമർശനം. തിങ്കളാഴ്ച മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഉദ്യോഗസ്ഥൻ കയറിക്കൂടിയത്. പ്രസ് ക്ലബിന്‍റെ ഒന്നാം നിലയിൽ നടന്ന വാർത്ത സമ്മേളനം കഴിഞ്ഞ ശേഷമാണ് ഉദ്യോഗസ്ഥൻ മടങ്ങിയത്.
പരിചിതമല്ലാത്ത വ്യക്തിയെ പ്രസ് ക്ലബിൽ കണ്ടപ്പോൾ സംശയം തോന്നിയ ചില മാധ്യമപ്രവർത്തകർ ഓഫിസ് സെക്രട്ടറിയോട് ഇക്കാര്യം ചോദിച്ചിരുന്നു. വാർത്ത സമ്മേളനം നടത്തുന്നവരുടെ കൂട്ടത്തിലുള്ളയാളാണെന്ന നിഗമനത്തിലാണ് ഇദ്ദേഹത്തെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചതെന്നും പിന്നീടാണ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞതെന്നുമാണ് ഓഫിസ് സെക്രട്ടറി പറയുന്നത്. അതേസമയം, പ്രസ് ക്ലബ് പരിസരത്ത് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നെങ്കിലും ഇവർ വാർത്ത സമ്മേളന ഹാളിലേക്ക് കയറിയിരുന്നില്ല.
വിഷയത്തിൽ മാധ്യമപ്രവർത്തകരും വാർത്ത സമ്മേളനം നടത്തിയ സോളിഡാരിറ്റി ഭാരവാഹികളും പരാതി ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥൻ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തതിൽ ദുരൂഹതയുണ്ടെന്ന് സോളിഡാരിറ്റി ആരോപിച്ചു. ഉദ്യോഗസ്ഥൻ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത വിവരം വൈകിയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും അനുവാദമില്ലാതെ അകത്ത് കയറിയത് പ്രതിഷേധാർഹമാണെന്നും കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.